ദേശീയപാത 66-ന്റെ ഒന്നാം ഘട്ട ഉദ്ഘാടനത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷമായ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സാധാരണ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ ഓഫീസ് അറിയിക്കാറുള്ളതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തവണ വിളിക്കാത്തതെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷനെ ക്ഷണിച്ചുവെന്നും സംസ്ഥാനത്തെ വകുപ്പ് മന്ത്രിയെ വെട്ടിയാണോ ബിജെപി അധ്യക്ഷനെ ക്ഷണിക്കുന്നതെന്നും റിയാസ് ചോദിച്ചു.
2014 ല്‍ മരണപ്പെട്ട പദ്ധതി എങ്ങനെയാണ് യാഥാര്‍ഥ്യമായതെന്ന് എല്ലാവര്‍ക്കും അറിയാം. യുഡിഎഫ് സര്‍ക്കാറിന്റെ കെടുകാര്യസ്ഥത ആയിരുന്നു പദ്ധതി നടക്കാതിരുന്നതിന് കാരണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പിന്നീട് വീണ്ടും പദ്ധതിയില്‍ ചര്‍ച്ച നടത്തിയതെന്നും റിയാസ് പറഞ്ഞു. ഗതാഗത പ്രശ്‌നം അടക്കം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 5600 കോടിയാണ് ചെലവഴിച്ചത്. നിര്‍മാണത്തിന്റെ എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും റിയാസ് പറഞ്ഞു.
ദേശീയ പാതാ വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാറിന് പങ്കില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. അത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും. കേന്ദ്രം സ്വീകരിച്ചത് കേരളത്തെ അപമാനിക്കുന്ന നിലപാടാണ്. ദേശീയ പാതാ 66 കേരളത്തിന്റെ ആശ്വാസ പദ്ധതിയാണ്. എല്ലാവരും സന്തോഷിക്കേണ്ട സമയം ബൈപ്പാസിന്റെ സ്ഥിതി എന്തായിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങളെല്ലാം എത്ര തവണ ഇടപെട്ടാണ് പരിഹരിച്ചത്. കേന്ദ്ര നടപടി ജനാധിപത്യത്തിന് ഗുണം ചെയ്യില്ല. ദേശീയപാത വികസനത്തിന് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ജനങ്ങളുടെ മനസ്സില്‍ പോസ്റ്റര്‍ പോലെ പതിഞ്ഞിട്ടുണ്ട്. പ്രശ്‌നം വ്യക്തിപരമല്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
















