സംസ്ഥാനത്ത് യുഡിഎഫ് മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് വിജയത്തിനായി തീവ്രവാദ നിലപാടുകളുള്ള സംഘടനകളുമായി കോൺഗ്രസ് കൈകോർക്കുകയാണെന്നും ഇത് കേരളത്തിന്റെ സമാധാനത്തെ ബാധിക്കുമെന്നും ഇന്ന് കൊച്ചിയിൽ നടന്ന പരുപാടിയിൽ അദ്ദേഹം ജനങ്ങളോടായി പറഞ്ഞു
വിഘടനവാദ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളുടെ ഐക്യത്തെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും അധികാരത്തിലെത്താൻ വേണ്ടി കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള സംഘടനകളെ വരെ കുട്ടുപിടിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഇടത് മുന്നണിയും ഇത്തരം നിലപാടുകളിൽ നിന്ന് വ്യത്യസ്തമല്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. പിഡിപി പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളുമായി എൽഡിഎഫിന് നേരത്തെ തന്നെ ബന്ധമുണ്ടെന്നും യുവാക്കൾക്കിടയിൽ തീവ്രവാദം പടർത്തുന്നതിൽ മുൻപന്തിയിലുള്ള ഇത്തരം ശക്തികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ കേരളത്തിലെ ജനങ്ങൾ ഈ രണ്ടു മുന്നണികളെയും അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കൂടാതെ അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ‘പാർട്ണർമാർ’ ആണെന്നും പ്രധാനമന്ത്രി വിമർശിച്ചു. യുഡിഎഫ് ഭരണകാലത്ത് സോളാർ അഴിമതിയായിരുന്നു ചർച്ചയെങ്കിൽ, ഇപ്പോൾ സിഎംആർഎൽ അഴിമതിയാണ് കേരളത്തിൽ നിറഞ്ഞുനിൽക്കുന്നത്. കൂടാതെ ശബരിമല സ്വർണകൊള്ളയിൽ പോലും ഇരുമുന്നണികളും പങ്കാളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നാശത്തിനായി പ്രവർത്തിക്കുന്ന ഈ രണ്ടു വിഭാഗങ്ങളെയും ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസനത്തിന് ഊന്നൽ നൽകുന്ന ബിജെപി-എൻഡിഎ സഖ്യത്തെ കേരളം പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലെത്തുമെന്നും കേരളത്തിന്റെ പുരോഗതിക്കായി രാപ്പകൽ അധ്വാനിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
















