ഉത്തർപ്രദേശ് കാൺപൂരിൽ ഭാര്യയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ വെറുതെ വിട്ടു കോടതി. വ്യോമസേനാ ഉദ്യോഗസ്ഥൻ അനുരാഗ് ശുക്ലയെയാണ് യു.പി.യിലെ പ്രത്യേക കോടതി പോക്‌സോ കേസിൽ വെറുതെ വിട്ടത്. പീഡനമുണ്ടായതെന്നത് സ്വപ്നം കണ്ടതാണെന്ന പെൺകുട്ടിയുടെ മൊഴിയിലാണ് കോടതി ഇയാളെ വെറുതെ വിട്ടത്.
2019 ഓഗസ്റ്റ് മൂന്നിനാണ് സംഭവം നടക്കുന്നത്. ഭാര്യയുടെ സഹോദരിയായ 15-കാരി അനുരാഗ് ശുക്ലയുടെ വീട്ടിൽ താമസിച്ചപ്പോൾ ഇയാൾ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി നൗബസ്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതേ തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും 19 ദിവസം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു.
ഈ കേസിൽ ആണ് പെൺകുട്ടി മൊഴി മാറ്റി നൽകിയിരിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചിരുന്നതിനാൽ, അർധബോധാവസ്ഥയിലായിരുന്നെന്നും ശുക്ല പീഡിപ്പിച്ചെന്ന് സ്വപ്നംകണ്ടാണ് ഒച്ചയുണ്ടാക്കിയതെന്നും വിചാരണവേളയിൽ പെൺകുട്ടി മൊഴിനൽകി. ഇതോടൊപ്പം തെറ്റിദ്ധാരണയുടെ പുറത്താണ് പരാതിനൽകിയതെന്ന് പെൺകുട്ടിയുടെ പിതാവും സഹോദരിയും പറഞ്ഞു.ഇതേ തുടർന്നാണ് കോടതി ഇയാളെ വെറുതെ വിട്ടത്.
















