മീനമാസ പൂജകള്‍ക്കായി മാര്‍ച്ച് 14 വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. മീനമാസം ഒന്നിന് (മാര്‍ച്ച് 15) രാവിലെ 5 മണിക്കാണ് ദര്‍ശനത്തിനായി നട തുറക്കുക. മീനമാസം ഒന്നു മുതല്‍ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19ന് രാത്രി 10 മണിക്ക് നടയടയ്ക്കും. ശബരിമല ഉത്സവത്തിനായി മാര്‍ച്ച് 22 വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. മാര്‍ച്ച് 23ന് പകല്‍ 11.30 നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ശബരിമല ഉത്സവത്തിന് കൊടിയേറും.
മാര്‍ച്ച് 24 മുതല്‍ മാര്‍ച്ച് 31 വരെ എല്ലാ ദിവസവും ഉച്ച പൂജയ്ക്ക് ശേഷം ഉത്സവബലി ഉണ്ടായിരിക്കും. മാര്‍ച്ച് 31നാണ് പള്ളിവേട്ട. ഏപ്രില്‍ ഒന്നിനാണ് ഭഗവാന് പമ്പയില്‍ ആറാട്ട്. ഏപ്രില്‍ 1 ന് രാവിലെ 9 മണിക്ക് സന്നിധാനത്തുനിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തിന് നട അടയ്ക്കും. ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ വെര്‍ച്ചല്‍ ക്യു വെബ്‌സൈറ്റ് (www.sabarimalaonline.org)വഴി ദര്‍ശനത്തിനായുള്ള സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് www.onlinetdb.com എന്ന വെബ്‌സൈറ്റിലൂടെ മുറികള്‍ ബുക്ക് ചെയ്യാവുന്നതാണ്.
















