ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് ഹൻസിക മൊത്വാനി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹം ഏറെ ആഘോഷമായായിരുന്നു നടന്നത്. ഇപ്പോഴിതാ ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. ഇവരുടെ ദാമ്പത്യം 2 വർഷം ആണ് നീണ്ടുനിന്നത്.
മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു. പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടി ഹൻസിക കോടതിയെ സമീപിച്ചിരുന്നു, വിവാഹമോചനത്തോടനുബന്ധിച്ച് സ്ത്രീധനത്തെയോ ജീവനാംശത്തെയോ സംബന്ധിച്ച അവകാശവാദങ്ങൾ വേണ്ടെന്ന് വച്ചതായും റിപ്പോർട്ട് ഉണ്ട്.
പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചത്. വിവാഹശേഷം സ്വഭാവത്തിലെയും അഭിപ്രായങ്ങളിലെയും ജീവിതശൈലിയിലെയും വലിയ വ്യത്യാസങ്ങൾ മനസ്സിലാക്കുകയും ഇത് ഇടയ്ക്കിടെയുള്ള വലിയ വഴക്കുകളിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് കുടുംബവൃത്തങ്ങളിൽ നിന്നും പറയുന്നു.
ദമ്പതികളുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ അനുരഞ്ജിപ്പിക്കാനും ഒരുമിച്ച് ജീവിക്കുവാനും നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഏകദേശം രണ്ട് വർഷം മാത്രമാണ് ഇവർ ദമ്പതികളായി ഒരുമിച്ചു ജീവിച്ചത്. 2024 ജൂലൈ 2 മുതൽ ഇവർ വേർപിരിഞ്ഞു താമസിക്കുകയാണ്.
ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹൻസികയുടെ സഹോദരനും സോഹേലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. 2022 ഡിസംബറിലാണ് ഹൻസികയും സോഹേലും വിവാഹിതരായത്. ജയ്പൂരിലെ മുണ്ടോട്ട ഫോർട്ട് ആൻഡ് പാലസിൽ വെച്ച് അത്യാഡംബരപൂർവമായാണ് ചടങ്ങുകൾ നടന്നത്. ‘ഹൻസികാസ് ലവ് ഷാദി ഡ്രാമ’ എന്ന പേരിൽ 6 എപ്പിസോഡുകളുള്ള ഡോക്യുമെന്ററിയും ജിയോസിനിമയിൽ റിലീസ് ചെയ്തിരുന്നു. പാരീസിലെ ഈഫൽ ടവറിനു കീഴിൽ വച്ച് സോഹേൽ വിവാഹാഭ്യർത്ഥന നടത്തിയതും ഇരുവരുടെയും പ്രണയകഥയെക്കുറിച്ചും ഡോക്യുസീരീസിൽ പറയുന്നുണ്ട്.
ബാലതാരമായാണ് ഹൻസിക അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് ബോളിവുഡിലെ ജനപ്രിയ ടെലിവിഷൻ ഷോകളിലും താരം തിളങ്ങി. ദക്ഷിണേന്ത്യൻ സിനിമകളിലും ഹൻസിക താരമായിരുന്നു. ‘105 മിനിറ്റ്സ്’, ‘ജാനു’, ‘ഗാർഡിയൻ’ തുടങ്ങിയ തെലുങ്ക് സിനിമകളിലാണ് ഈ വർഷം ഹൻസിക അവസാനമായി അഭിനയിച്ചത്.
















