ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഉൽപാദന മേഖലയെ ബാധിക്കുന്ന വ്യാപാരരീതികൾ കണ്ടെത്താനും നടപടിയെടുക്കാനുമായി ഇന്ത്യ, ചൈന, ജപ്പാൻ, യൂറോപ്യൻ യൂണിയൻ അടക്കമുള്ള വ്യാപാര പങ്കാളികൾക്കെതിരെ യുഎസ് അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ചുമത്തിയ പകരംതീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ അടുത്ത നീക്കം. യുഎസിലെ വ്യാപാരനിയമത്തിലെ 301–ാം വകുപ്പ് പ്രകാരം ഒരു രാജ്യം അധാർമികമായ വ്യാപാര രീതികൾ പിന്തുടരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ അവയ്‌ക്കെതിരെ തീരുവയോ ഇറക്കുമതി നിയന്ത്രണമോ ചുമത്താൻ വ്യവസ്ഥയുണ്ട്.
ബംഗ്ലദേശ്, കംബോഡിയ, ഇന്തൊനീഷ്യ, കൊറിയ, മലേഷ്യ, മെക്സിക്കോ, നോർവേ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, തയ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും അന്വേഷണപരിധിയിലുണ്ട്. സ്റ്റീൽ, അലൂമിനിയം, ഓട്ടമൊബീൽ, ബാറ്ററി, ഇലക്ട്രോണിക്സ്, കെമിക്കലുകൾ, മെഷിനറി, സെമികണ്ടക്ടർ, സോളർ മൊഡ്യൂൾ തുടങ്ങിയ മേഖലകളിലായിരിക്കും അന്വേഷണം.
















