ഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ അതൃപ്തിയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെയാണ് സുധാകരന്റെ മടക്കം.
എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കവേയാണ് കെ സുധാകരന്റെ അതൃപ്തി പരസ്യമാക്കിയുള്ള ഈ നടപടി. എന്നാല്‍ സുധാകരന് പ്രതിഷേധമില്ലെന്നും നാട്ടില്‍ പരിപാടി ഉള്ളത് കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയതെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.
സുധാകരനുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരന് കണ്ണൂര്‍ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ ഇന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
















