ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ ഉചിതമായ നിലപാട് അറിയിക്കുമെന്നും സിപിഎം നിലപാടിൽ മാറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുപ്രീം കോടതിയിൽ നിയമപരമായ കാര്യങ്ങൾ നോക്കിയിട്ട് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആചാരങ്ങൾ സംരക്ഷിക്കപെടെണമെന്നും സിപിഎം എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്നത്തെ സാമൂഹ്യ പരിതസ്ഥിതി കൂടി കണക്കിലെടുത്ത് ആവശ്യമായ നിയമപരമായ കാര്യങ്ങൾ പരിശോധിച്ചു മുന്നോട്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം എന്നും കോടതിയുടെ പരിഗണനയിലുള്ള ഏഴ് ചോദ്യങ്ങളിൽ യുവതീപ്രവേശനം വേണോ വേണ്ടയോ എന്നുള്ള കാര്യം നേരിട്ട് വരുന്നില്ലെന്നും ഇത് എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ പരിശോധനയാണെന്നും ഗോവിന്ദൻ പറഞ്ഞു.
ആചാര സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുള്ള തീരുമാനങ്ങൾക്കായി ഫലപ്രദമായ ചർച്ചകൾ ആവശ്യമാണെന്ന പൊതുവായ നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















