ചെന്നൈ: തമിഴിൽ വീണ്ടും പാട്ടിനെ ചൊല്ലി പകർപ്പവകാശ തർക്കം. തമിഴിലെ പ്രശസ്ത മാധ്യമഗ്രൂപ്പായ സൺ ടി.വി നെറ്റ്‌വർക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നടൻ രജനീകാന്ത് ചിത്രങ്ങളിലെ പാട്ടുകൾ ടീമിന്റെ പ്രൊമോകളിൽ ഉപയോഗിക്കുന്നതിനു എതിരെയാണ് ഹർജി.
സിഎസ്‌കെ പ്രൊമോ വീഡിയോകളിൽ ‘ജയിലർ’, ‘കൂലി’, ‘ജയിലർ 2’ എന്നീ ചിത്രങ്ങളിലെ ഗാനശകലങ്ങൾ ഉപയോഗിച്ചിരുന്നു. ടീമിന്റെ മുഖമായ എം.എസ്. ധോനിയുടേയും, രാജസ്ഥാൻ റോയൽസിൽനിന്ന് വന്ന മലയാളി താരം സഞ്ജു സാംസണിന്റേയും പ്രൊമോ റീലുകളിലാണ് പാട്ടുകൾ ഉപയോഗിച്ചിരിക്കുന്നത്. ‘ജയിലറി’ലെ ഹുക്കും സോങ് ആയിരുന്നു സഞ്ജുവിനെ ടീമിലേക്ക് സ്വാഗതംചെയ്തുകൊണ്ടുള്ള റീലിൽ ഉപയോഗിച്ചിരുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് സൺ നെറ്റ്‌വർക്കിന് കീഴിലുള്ള സൺ പിക്‌ചേഴ്‌സ് ആണ്. പാട്ടിന്റെ പകർപ്പവകാശം തങ്ങൾക്കാണെന്ന് കാണിച്ചാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
കേസ് വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പാട്ടുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
















