കണ്ണൂർ ഇരിക്കൂറിൽ 10 വർഷത്തിന് മുമ്പ് നടന്ന കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികളെ പിടികൂടി ക്രൈംബ്രാഞ്ച്. ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന മെരടൻ കുഞ്ഞാമിനയെ (60) ആണ് മോഷണ ശ്രമത്തിനിടെ പ്രതികൾ 10 വർഷം മുമ്പ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഡൽഹി സ്വദേശികളായ പർവീൺ ബാനു (55) സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്.
2016-ൽ ആണ് സംഭവം നടക്കുന്നത്. പ്രതികൾ വസ്ത്ര വ്യാപാരികൾ എന്ന് പറഞ്ഞു കുഞ്ഞാമിനയുടെ തൊട്ടടുത്ത വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. പതിയെ പതിയെ ഇവർ കുഞ്ഞാമിനയുമായി സൗഹൃദത്തിലാവുകയും ചെയ്തു. അങ്ങനെയിരിക്കെ 2016 ഏപ്രിൽ 30-ന് കുഞ്ഞാമിന പ്രതികളുടെ വാടക വീട്ടിലേക്ക് ചെന്നു. ഈ സമയം പ്രതികൾ കുഞ്ഞാമിനയുടെ കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തി പരിക്കേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
മരിച്ചു എന്ന് ഉറപ്പായ ശേഷം ഇവർ കുഞ്ഞാമിനയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയും കൈയിലുണ്ടായിരുന്ന ഒരു വളയും പണവും കവർന്നു രക്ഷപെടുകയായിരുന്നു. പ്രതികൾ കുറ്റകൃത്യം നേരത്തെ തന്നെ ആസൂത്രിതം ചെയ്തതായിരുന്നു. അതിനാൽ വ്യാജ രേഖകൾ നൽകിയാണ് ക്വാർട്ടേഴ്‌സ് വാടകക്കെടുത്തത്. സംഭവത്തിന് മുൻപ് തന്നെ ഫോൺ വിൽപ്പന നടത്തുകയും ചെയ്തു. അതോടൊപ്പം കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്ത്രം തരാമെന്നു വാഗ്ദാനം നൽകി ഫോണിന്റെ സിംകാർഡുകൾ സംഘടിപ്പിക്കുകയും ചെയ്തു.
ആന്ധ്രാ പ്രദേശിലെ ഓംഗോൾ പോലീസ് സ്റ്റേഷനിൽ പ്രതികൾ സമാനമായ രീതിയിൽ കുറ്റകൃത്യം ചെയ്തവരാണ്. അവിടെനിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. പ്രതികളെ എത്ര അന്വേഷിച്ചിട്ടും ലഭിക്കാത്തതിനാൽ കേസ് 2024 ൽ ക്രൈം ബ്രാഞ്ചിന് ലഭിക്കുകയായിരുന്നു. പത്ത് വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസിന് പിടികൊടുക്കാതെ മാറി മാറി താമസിച്ചു വരികയായിരുന്നു പ്രതികൾ.
ഇതിനിടയിലാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം അതിവിദഗ്ധമായ അന്വേഷണത്തിലൂടെ പ്രതികളെ മധ്യപ്രദേശിലെ ഉജ്ജയിനിയിൽനിന്ന് മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. പ്രതികളെ ഇന്ന് കണ്ണൂരിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
















