പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ട വിഷയത്തിൽ മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. താൻ ഓടിളക്കി വന്നവനല്ല എന്നും ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതോടൊപ്പം സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന കാലത്തോളം അദ്ദേഹത്തിനൊപ്പം നിൽക്കണമെന്നാണ് പിതാവ് മരിക്കും മുമ്പ് ഉപദേശിച്ചതെന്നും അത് താൻ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കെട്ടിപ്പടുത്തത് തന്റെ അച്ഛൻ ആണെന്നും 64 വർഷം കൊണ്ട് 300 കോടിയുടെ ആസ്തി യൂണിയനുണ്ടെന്നും അത് കൈക്കലാക്കുന്നതിന്റെ ഭാഗമാണ് തന്നെ പുറത്താക്കിയതെന്നും മന്ത്രി പറഞ്ഞു.
കൂടാതെ കോടിക്കണക്കിന് രൂപ കണ്ടു വളർന്നവനാണ് താനെന്നും സിനിമാ നടനായിരുന്ന കാലത്ത് ഇവിടത്തെ സൂപ്പർ സ്റ്റാറുകൾക്ക് ബെൻസ് കാർ ഇല്ലാത്ത സമയത്ത് ബെൻസ് കാറിൽ യാത്ര ചെയ്തിരുന്നയാളാണ് താനെന്നും അതിനാൽ താൻ കൈക്കൂലി വാങ്ങിക്കില്ലെന്ന് എന്റെ മുഖ്യമന്ത്രിക്കും മുന്നണിക്കും പ്രതിപക്ഷ നേതാവിനും അറിയാം എന്നും അദ്ദേഹം പറഞ്ഞു.
















