ചെന്നൈയിൽ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ മദ്യലഹരിയിൽ വഴിയരികിലെ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കലൈസെൽവൻ(30) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച ആയിരുന്നു സംഭവം നടന്നത്. കലൈസെൽവൻ സുഹൃത്തിനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു. ഇയാൾ നന്നായി മദ്യപിച്ചിരുന്നു. യാത്ര ചെയ്യുന്നതിനിടയിൽ വാഹനത്തിൽനിന്ന് റോഡിലൂടെ പോവുകയായിരുന്ന ഒരു സ്ത്രീയുടെ മേൽ ഇയാൾ മൂത്രമൊഴിച്ചു.
ഇതേ തുടർന്ന് സ്ത്രീയും കലൈസെൽവനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇത് കണ്ടു നിന്ന നാട്ടുകാർ സംഭവത്തിൽ ഇടപെടുകയും കലൈസെൽവനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനമേറ്റ കലൈസെൽവൻ ബോധരഹിതനായി കുഴഞ്ഞുവീണു. ഉടൻ തന്നെ അടുത്തുള്ള സ്റ്റാൻലി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആക്രമണത്തിൽ പങ്കാളികളായവരെ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോദിച്ചു അന്വേഷിച്ചു വരികയാണ്. അന്വേഷണത്തിനൊടുവിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
















