ജമ്മു കശ്മീരിലെ ലഡാക്കിൽ തടങ്കലിൽ വച്ചിരുന്ന കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ മോചിപ്പിക്കാൻ തീരുമാനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലഡാക്കിൽ സമാധാനവും സ്ഥിരതയും പരസ്പര വിശ്വാസവുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അതിനാൽ പരിശോധനകൾക്ക് ശേഷം സോനം വാങ്‌ചുക്കിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
2025 സെപ്റ്റംബർ 26നാണ് വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. ലഡാക്കിനു സംസ്ഥാന പദവിയും സ്വയംഭരണാവകാശവും ആവശ്യപ്പെട്ട് ലഡാക്ക് ഏപെക്സ് ബോഡി നടത്തിയ ഹർത്താൽ അക്രമാസക്തമാകുകയും പൊലീസ് വെടിവയ്പ്പിൽ 4 പേർ കൊല്ലപ്പെടുകയും ചെയ്തതിന്റെ മൂന്നാം ദിനമായിരുന്നു അറസ്റ്റ്. ലഡാക്കിലെ ക്രമസമാധാനം നിലനിർത്തുന്നതിനാണ് വാങ്ചുക്കിനെ അറസ്റ്റു ചെയ്തതെന്നാണ് സർക്കാർ മുൻപ് വിശദീകരിച്ചിരുന്നത്. നേപ്പാളിലും ബംഗ്ലദേശിലും നടന്നതിന് സമാനമായ പ്രതിഷേധങ്ങൾക്കായി വാങ്‌ചുക്ക് യുവാക്കളെ പ്രേരിപ്പിച്ചതായി കേന്ദ്രം ആരോപിച്ചിരുന്നു.
ഇതിനാൽ ആദ്യം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കുകയും പിന്നീട് രാജസ്ഥാനിലെ ജോധ്പുർ ജയിലിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. വാങ്‌ചുക്കിന്റെ തടവ് നിയമവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
















