ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. 5 പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം.
ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു, ഒരു പരിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആ കാലഘട്ടത്തിൽ തന്നെ അദേഹം രചിച്ച കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1980ൽ പി. ഭാരതിരാജ സംവിധാനം ചെയ്ത ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അൻപത് വർഷം നീണ്ട ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ലധികം ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം നേടിയ വൈരമുത്തു, ഇന്ത്യയിൽ ഈ നേട്ടം ഏറ്റവും കൂടുതൽ തവണ കൈവരിച്ച വ്യക്തി കൂടിയാണ്. ഇതിനുപുറമെ ആറ് സംസ്ഥാന പുരസ്കാരങ്ങളും അദേഹത്തെ തേടിയെത്തി.
സാഹിത്യ ലോകത്തെ സമഗ്ര സംഭാവനകൾക്കായി രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി അദേഹത്തെ നേരത്തെ ആദരിച്ചിരുന്നു. ‘കള്ളിക്കാട്ടു ഇതിഹാസം’ എന്ന പ്രശസ്തമായ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. കവി എന്നതിലുപരി മികച്ച പ്രഭാഷകൻ കൂടിയായ വൈരമുത്തു തമിഴ് സാഹിത്യത്തിലെ ആധുനിക ശബ്ദമായാണ് അറിയപ്പെടുന്നത്.
















