തെന്നിന്ത്യൻ താരം ഹൻസിക മോത്വാനിയും ബിസിനസുകാരൻ സൊഹൈൽ ഖതൂരിയയും വിവാഹമോചിതരായി. അത്യാർഭാടപൂർവം കൊണ്ടാടിയ വിവാഹമായിരുന്നു ഇവരുടേത്. തന്റെ അടുത്ത സുഹൃത്തിന്റെ ഭർത്താവായിരുന്ന സൊഹൈലിനെ ഹൻസിക വിവാഹം കഴിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ 2 വർഷം തികയും മുൻപേ ആ ദാമ്പത്യം തകർന്നതോടെ സുഹൃത്തിന്റെ ജീവിതം തകർത്തവർക്ക് കാലം കാത്തുവച്ച തിരിച്ചടിയാണ് ഈ വേർപിരിയൽ എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ സൈബറിടത്ത് ചർച്ചയാകുന്നത്.
സ്വഭാവരീതികളിലെ വ്യത്യാസമാണ് കാരണമെന്ന് അഭിഭാഷകർ വ്യക്തമാക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ പലരും ഇതിനെ ‘കർമഫലം’ എന്നാണ് വിശേഷിപ്പിക്കുന്നത്. 2016-ൽ ഹൻസികയുടെ ഉറ്റ സുഹൃത്തായ റിങ്കി ബജാജിനെയാണ് സൊഹൈൽ ആദ്യം വിവാഹം കഴിച്ചത്. ആ വിവാഹത്തിൽ മുൻനിരയിൽ നിന്ന് ആഘോഷങ്ങളിൽ പങ്കെടുത്ത ഹൻസികയുടെ വിഡിയോകൾ പിന്നീട് വലിയ ചർച്ചയായിരുന്നു. സുഹൃത്തിന്റെ ഭർത്താവുമായി ഹൻസിക പ്രണയത്തിലായതും തുടർന്ന് അവർ വിവാഹിതരായതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ‘മറ്റൊരാളുടെ കുടുംബം തകർത്താണ് ഹൻസിക സ്വന്തം ജീവിതം പടുത്തുയർത്തിയത്’ എന്നായിരുന്നു അന്ന് ഉയർന്ന പ്രധാന ആരോപണം. വിമർശനങ്ങൾ ഉയർന്നപ്പോൾ സൊഹൈലിന്റെ ആദ്യ വിവാഹബന്ധം തകരാൻ താൻ കാരണക്കാരിയല്ലെന്നും സുഹൃത്തായ റിങ്കിയുമായുള്ള ബന്ധം നേരത്തെ തന്നെ അവസാനിച്ചതാണെന്നും ഹൻസിക വ്യക്തമാക്കിയിരുന്നു.
തന്റെ വിവാഹത്തിന്റെ ഡോക്യുമെന്ററിയിലൂടെ ഈ കാര്യങ്ങൾ ഹൻസിക വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രേക്ഷകർക്കിടയിൽ അതത്ര സ്വീകാര്യമായിരുന്നില്ല. മൂന്ന് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഹൻസികയും സൊഹൈലും ഇപ്പോൾ ഔദ്യോഗികമായി വേർപിരിഞ്ഞിരിക്കുകയാണ്. മുംബൈയിലെ ബാന്ദ്ര ഫാമിലി കോടതിയിൽ വെൃച്ചാണ് ഇരുവരും ഔദ്യോഗികമായി പിരിഞ്ഞത്. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലായതിനാൽ ഹൻസിക സൊഹൈലിൽ നിന്നും ജീവനാംശമൊന്നും ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരാളുടെ സങ്കടത്തിന് മേൽ പടുത്തുയർത്തിയ ബന്ധങ്ങൾ അധികകാലം നിലനിൽക്കില്ല എന്ന തരത്തിലുള്ള കമന്റുകളാണ് ഹൻസികയുടെ വിവാഹമോചന വാർത്തയ്ക്ക് താഴെ വരുന്നത്. വിവാദങ്ങൾക്കിടയിലും തന്റെ അഭിനയ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.
















