ഗുജറാത്തിലെ അമ്രേലി ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ സിംഹത്തിന് ഗുരുതര പരുക്ക്. ദാംനഗറിനും ലിലിയയ്ക്കും ഇടയിലുള്ള റെയിൽവേ പാതയിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ സിംഹത്തിന്റെ വാലിന്റെ ഒരു ഭാഗം അറ്റുപോയ നിലയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി.
ഇംഗോരാള ഗ്രാമത്തിനു സമീപം രണ്ട് സിംഹങ്ങൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗുഡ്സ് ട്രെയിൻ ഇടിച്ചത്. പിപാവവ് തുറമുഖത്തുനിന്ന് ധാസയിലേക്ക് 60-70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിലാണ് സിംഹത്തെ ഇടിച്ചത്.
വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കേറ്റ സിംഹം സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഓടിമറഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. സിംഹത്തെ കണ്ടെത്തി അടിയന്തര വെറ്ററിനറി ചികിൽസ നൽകാനായി ആധുനിക ട്രാക്കിങ് ഉപകരണങ്ങളുമായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്തെ ഗ്രാമീണർക്കും കർഷകർക്കും വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.















