ഗുണ്ടാനേതാവ് അലുവ അതുല്‍ കൊലപാതകത്തില്‍ കേസെടുത്ത് പൊലീസ്. മൂന്നുപേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ബ്ലാക്ക് വിഷ്ണു, മണ്ണെണ്ണ നൗഫല്‍, ഹുസ്സൈന്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. കണ്ടാലറിയുന്ന രണ്ട് പേരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കും.
അലുവ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പ് രേഖപ്പെടുത്തി പോകുന്ന വഴിക്കാണ് ആക്രമണം നടന്നത്. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറില്‍ ഉള്ളത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികള്‍ അലുവ അതുലിനെ കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും എഫ്ഐആറില്‍ പറയുന്നു.
അലുവ അതുലിനെ ആക്രമിക്കുമെന്ന് മുന്‍കൂട്ടി ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു. ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയാല്‍ അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഇരു സംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി പൊലീസ് ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു.
















