കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമേകി, സംസ്ഥാനത്ത് വേനൽ മഴയെത്തുന്നു. മാർച്ച് 16 മുതൽ വിവിധയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രധാനമായും ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ തുടങ്ങി പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന രീതിയിലാകും മഴ ലഭിക്കുക.
മഴയ്‌ക്കൊപ്പം തന്നെ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വേനൽ മഴയുടെ സൂചനയുണ്ടെങ്കിലും സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ നിലവിൽ വലിയ കുറവില്ല. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങി പത്ത് ജില്ലകളിൽ നിലവിൽ യെല്ലോ അലേർട്ട് തുടരുകയാണ്.
സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.















