സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങവേ, പത്തനംതിട്ടയിലും ഇടുക്കിയിലും വിജയപ്രതീക്ഷ പങ്കുവെച്ച് എൽ.ഡി.എഫ് നേതാക്കൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ പത്തനംതിട്ടയിൽ സ്ഥാനാർത്ഥികളെ അണിനിരത്തി വമ്പൻ റോഡ് ഷോകൾ സംഘടിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു. വോട്ട് അഭ്യർത്ഥനയുമായി ജനങ്ങളിലേക്ക് ഇറങ്ങാൻ വീണ ജോർജിനും ജനീഷ് കുമാറിനും പാർട്ടി പ്രാഥമിക നിർദ്ദേശം നൽകിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വീണ ജോർജ് വീണ്ടും മത്സരരംഗത്തിറങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, അവരുടെ കുടുംബപരമായ നിലപാടുകളെക്കുറിച്ചും രാജു എബ്രഹാം പ്രതികരിച്ചു. മുൻപ് കുട്ടികളുടെ കാര്യങ്ങൾ പരിഗണിച്ച് വീണ പിന്മാറണമെന്ന് ഭർത്താവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹം ആ നിലപാടിൽ തുടരുമെന്ന് കരുതുന്നില്ലെന്ന് രാജു എബ്രഹാം പറഞ്ഞു. അപൂർണ്ണമായ പദ്ധതികൾ ഉദ്ഘാടനം ചെയ്തുവെന്ന പ്രതിപക്ഷ ആരോപണത്തെ പരിഹാസത്തോടെയാണ് അദ്ദേഹം നേരിട്ടത്. എല്ലാ പണികളും പൂർത്തിയാക്കിയിട്ടല്ലല്ലോ സാധാരണ വീടുകളുടെ പോലും ഗൃഹപ്രവേശം നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എ. പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികൾ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ജയിൽ മോചിതനായപ്പോൾ അദ്ദേഹത്തിന് വിശദീകരണ നോട്ടീസ് നൽകിയിരുന്നു. പത്മകുമാർ നൽകിയ മറുപടി പരിശോധിച്ച ശേഷം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















