ഡൽഹി സർവകലാശാലയിലെ പ്രവേശന പ്രക്രിയയിൽ ജാതി വിവേചനം നടക്കുന്നുണ്ടെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി സർവകലാശാല അധികൃതർ രംഗത്ത്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും വസ്തുതകൾ പരിശോധിച്ച ശേഷമാകണം ഇത്തരം ഗൗരവകരമായ പ്രസ്താവനകൾ നടത്തേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.
ലക്നൗവിൽ ബി.എസ്.പി സ്ഥാപകൻ കാൻഷി റാമിൻ്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘സംവിധാൻ സമ്മേളന’ത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി സർവകലാശാലയ്ക്കെതിരെ ആഞ്ഞടിച്ചത്. വിദ്യാർത്ഥികളെ അർഹതയുണ്ടായിട്ടും പുറന്തള്ളാനുള്ള ഒരു മാർഗമായാണ് സർവകലാശാല അഭിമുഖങ്ങളെ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
“അഭിമുഖം എന്നത് വിദ്യാർത്ഥികളെ ഒഴിവാക്കാനുള്ള ഒരു വഴി മാത്രമാണ്. അവർ നിങ്ങളുടെ ജാതി ചോദിക്കുകയും തുടർന്ന് അഭിമുഖത്തിൽ നിങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യുന്നു,” – രാഹുൽ ഗാന്ധി പറഞ്ഞു.ആർ.എസ്.എസിലെ ഉയർന്ന പദവികളിൽ ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച വൈകിട്ട് സമൂഹമാധ്യമമായ എക്സിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് ഡൽഹി സർവകലാശാല ആരോപണങ്ങളെ നിഷേധിച്ചത്. സർവകലാശാലയിലെ പ്രവേശന നടപടികൾ സുതാര്യമാണെന്നും ഭൂരിഭാഗം കോഴ്സുകളിലും പ്രവേശനം നൽകുന്നത് സിയുഇടി സ്കോറുകൾ അടിസ്ഥാനമാക്കിയാണെന്നും അധികൃതർ വ്യക്തമാക്കി. സാധാരണ പ്രവേശന നടപടികളിൽ അഭിമുഖങ്ങൾ നിർബന്ധമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
















