ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമോസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിൽ നിന്ന് തിരിച്ചുപിടിക്കാൻ സഖ്യകക്ഷികൾ സഹകരിക്കണമെന്ന കടുത്ത ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നാറ്റോ സഖ്യകക്ഷികൾക്കും ചൈനയ്ക്കും ട്രംപ് അന്ത്യശാസനം നൽകിയത്. അമേരിക്കയുടെ ആവശ്യത്തോട് പ്രതികരിക്കാതിരിക്കുന്നത് നാറ്റോ സഖ്യത്തിന്റെ ഭാവി അപകടത്തിലാക്കുമെന്ന കടുത്ത ഭീഷണിയും അദ്ദേഹം മുഴക്കി.
ഹോർമോസ് കടലിടുക്ക് തുറന്നുനൽകുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ സഹായിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്‌നെ അമേരിക്ക സഹായിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമർശം. “ഞങ്ങൾ യുക്രെയ്‌നെ സഹായിച്ചു, ഇപ്പോൾ തിരിച്ചുള്ള സഹായം പ്രതീക്ഷിക്കുന്നു. സഖ്യകക്ഷികൾ സഹകരിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി അത്ര ശോഭനമായിരിക്കില്ല,” ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി അമേരിക്കയുടെ ഉദാരതയിലാണ് നാറ്റോ നിലനിൽക്കുന്നതെന്നും ഇനി അത് തുടരാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
















