നടി മഞ്ജു വാര്യർക്കെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. തുടരെ പരസ്യങ്ങളിൽ അഭിനയിക്കുന്ന നടിയോട് പണത്തിനോടുള്ള ആക്രാന്തം നിർത്താൻ ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പരാമർശം. അഭിനയം ക്ലച്ച് പിടിക്കാത്തത് കൊണ്ടായിരിക്കാം പരസ്യത്തിൽ അഭിനയിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
അമിതാഭ് ബച്ചൻ മുതൽ മലയാളത്തിലെ ഏതാണ്ട് എല്ലാ നടീ നടൻമാരുടെയും പരസ്യങ്ങൾ കണ്ട് മടുപ്പാകുന്നു ഈ മുഖം. പ്രത്യേകിച്ച് മഞ്ജു വാര്യരുടെ. എന്തെല്ലാം കോലങ്ങളിലാണ് ഈ പെണ്ണുംപിള്ള പരസ്യങ്ങളിൽ വന്ന് നിറയുന്നത്. ടൊവിനോയും മോഹൻലാലും മമ്മൂട്ടിയും ഒക്കെയുണ്ട് പിന്നാലെ.
പത്ത് സെക്കന്റിൽ പറയാനുള്ള വാചകം ഇഴഞ്ഞിഞ്ഞ് പറഞ്ഞാൽ മുപ്പത് സെറ്റാകുന്നതിനാലാകണം സുരേഷ് ഗോപിയെ ഈ പരസ്യങ്ങളിൽ കാണാത്തത്. ഈ പരസ്യപ്രകടനം കാരണം മാത്രമാണ് ഈ പറഞ്ഞവർക്ക് ഇനിയെത്ര തലകുത്തി മറിഞ്ഞ് അഭിനയിച്ചാലും പ്രേക്ഷക മനസിൽ കയറാനാകാത്തത്. കമൽ ഹാസനോ രജിനികാന്തിനോ അജിത്തിനോ പരസ്യത്തിൽ അഭിനയിക്കാൻ പോയാൽ ഇക്കാലത്തിനിടെ ആയിരം കോടി രൂപ അവർക്കുണ്ടാക്കാമായിരുന്നു.
പലിശയ്ക്ക് കടം വാങ്ങി സിനിമയെടുത്തിട്ട് പോലും കമൽ ഹാസൻ ഒരു പരസ്യത്തിൽ അഭിനയിക്കാൻ പോയിട്ടില്ല. സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഞാൻ ചോദിക്കുന്നത്, ഒരു സ്വർണപണിക്കാരന്റെ മകനായി ജനിച്ച് ദാരിദ്ര്യവും അല്ലലും അറിഞ്ഞ് ജൂനിയർ ആർട്ടിസ്റ്റായി നടന്ന് പിന്നീട് കോടികൾ സമ്പാദിച്ചിട്ടും എന്താണ് ജയസൂര്യ നിനക്ക് ഈ ആക്രാന്തം എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.
പൊതുജനത്തിന് മുന്നിൽ നാണംകെടുകയാണെന്ന ബോധം ഈ പരസ്യങ്ങളിൽ അഭിനയിക്കാൻ പോകുന്നവർക്ക് വേണം. നാളെ ഇത് പോലെ ഏതെങ്കിലും പരസ്യ തട്ടിപ്പിൽ മഞ്ജു വാര്യർ വീഴണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്, ആശിക്കുന്നത്. എങ്കിലേ അവർ പഠിക്കൂ. എത്ര കോടി രൂപ ഉണ്ടാക്കുന്നു എന്നാലോചിച്ച് നോക്കൂ. ഇപ്പോൾ മഞ്ജു വാര്യരുടെ അഭിനയം ക്ലച്ച് പിടിക്കാത്തത് കൊണ്ടായിരിക്കാം. കാണുന്ന എല്ലാ കൂതറ പരസ്യങ്ങളിലും ഫാൻസി ഡ്രസുമിട്ട് അഭിനയിക്കാൻ മടുപ്പ് തോന്നുന്നില്ലേ. ഒറ്റക്കല്ലേ ജീവിതം. ഒരു ജന്മം ജീവിക്കാൻ എത്ര കോടി രൂപ വേണം. നിങ്ങളതിന്റെ എത്ര ഇരട്ടി ഉണ്ടാക്കിക്കാണും. പെെസയുടെ ആക്രാന്തം ഒന്ന് അവസാനിപ്പിക്കണമായിരുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
















