കൈക്കൂലി ആരോപിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവ്. പോലീസ് അന്വേഷണത്തിൽ വരുത്തിയ 13 വീഴ്ചകൾ ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് നടപടി.
കേസിൽ ആരോപണ വിധേയയായ മുൻജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഫോൺ പരിശോധിക്കണമെന്നും നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച പ്രശാന്ത് സ്വർണ പണയം വെച്ചാണ് ഒരു ലക്ഷം നൽകിയത് എന്ന് പറഞ്ഞതിന്റെ രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. കൂടാതെ പ്രശാന്തും നവീൻ ബാബുവും കൂടിക്കാഴ്ച നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും വിജിലൻസ് കേസിൽ ഇടപെട്ടത് എങ്ങനെയാണെന്ന് അന്വേഷിച്ചു മൊഴി രേഖപ്പെടുത്തണം എന്നും ഉത്തരവിൽ പറയുന്നു.
കേസ് തുടരന്വേഷണം നടത്തണമെന്ന് ആദ്യം കണ്ണൂർ മജിസ്ട്രേറ്റ് കോടതിയെയാണ് കുടുംബം സമീപിച്ചത് പിന്നീട് തലശ്ശേരി അഡീഷണൽ സെക്ഷൻ കോടതിയിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണം മെയ് മൂന്നിന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
















