കോടികളുടെ ഓൺലൈൻ പണമിടപാട് തട്ടിപ്പ് കേസിൽ കണ്ണൂർ ഡിസിസി സെക്രട്ടറിയും സഹകരണ സൊസൈറ്റി ഭാരവാഹികളും പിടിയിൽ. കണ്ണൂർ ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ കല്ലിക്കോടൻ രാഗേഷ്, സൊസൈറ്റി സെക്രട്ടറി കെ. ജിതേഷ് എന്നിവരെയാണ് തമിഴ്‌നാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശി നൽകിയ പരാതിയിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് നടപടി.
തമിഴ്‌നാട് സ്വദേശിയായ ബാലമുരുകൻ (25) നൽകിയ പരാതിയെത്തുടർന്നാണ് വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ഏകദേശം 1.67 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം പ്രതികൾ ഭാരവാഹികളായ സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗൺ പോലീസും നേരത്തെ കേസെടുത്തിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലയളവിലാണ് തട്ടിപ്പ് പണം അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് സൂചന. 2020 ഡിസംബറിൽ മാത്രം 45,64,031 രൂപ സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ മുൻ പ്രസിഡന്റിന്റെ അക്കൗണ്ടിലേക്കാണ് പ്രധാനമായും പണം കൈമാറ്റം ചെയ്യപ്പെട്ടത്. ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെയോ മറ്റ് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയോ സമാഹരിച്ച തുക വെളുപ്പിക്കാനാണോ സൊസൈറ്റി അക്കൗണ്ട് ഉപയോഗിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
















