വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഒരു പക്കാ ഫാമിലി ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. 40 വയസുള്ള നായകനെ പ്രണയിക്കുന്ന 20 വയസുള്ള നായികയുടെ കഥയാണ് സിനിമ പറയുന്നത്. മമിത ബൈജു ആണ് സിനിമയിൽ നായികയായി എത്തുന്നത്.
മമിതയുടെ ഗംഭീര പെർഫോമൻസ് തന്നെ സിനിമയിൽ നിന്ന് പ്രതീക്ഷിക്കാം എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. ജൂലൈയിൽ സിനിമ പുറത്തുവരും. ‘ലക്കി ഭാസ്കർ’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം ഒരു ഫാമിലി എന്റർടൈനർ ആണ്. ആ സിനിമ നന്നായി തന്നെ വന്നിട്ടുണ്ട്. അല്ലു അർജുൻ ചിത്രം ‘അല വൈകുണ്ഠപുരമുലൂ’ (അങ്ങ് വൈകുണ്ഠപുരത്ത്) പോലെയുള്ള ഒരു സിനിമയാകും അത്’, എന്നാണ് സിനിമയെക്കുറിച്ച് നേരത്തെ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞത്. ചിത്രം സിതാര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുകയും ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുകയും ചെയ്യുന്നു. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിമിഷ് രവി കൈകാര്യം ചെയ്യുന്നു. നവീൻ നൂലി എഡിറ്റിംഗ് ചെയ്യുന്നു. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ.
















