കേരളത്തില്‍ ഉള്‍പ്പെടെ വൻവിജയം നേടിയ സിനിമയാണ് ലോകേഷ് കനകരാജ് ആദ്യമായി നായകനായി എത്തിയ ഡി.സി. സിനിമയുടെ മികച്ച ബോക്സ് ഓഫീസ് വിജയത്തെ തുടർന്ന് നിർമ്മാതാവായ സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരൻ സിനിമയുടെ സംവിധായകനും നായകനും സംഗീത സംവിധായകനും കോടികള്‍ വില വരുന്ന ആഡംബര ബി എം ഡബ്ല്യൂ എസ് യു വി കാറുകള്‍ സമ്മാനിച്ചിരുന്നു.എന്നാല്‍ ഇതില്‍ നിന്ന് സിനിമയിലെ നായികയായി എത്തി കിടിലൻ പെർഫോമൻസ് കാഴ്ചവച്ച വാമിഖ ഗബ്ബിയെ ഒഴിവാക്കിയതിനെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് മലയാളി നടിയായ സാനിയ അയ്യപ്പൻ.
കഴിഞ്ഞ ദിവസമാണ് സിനിമയിലെ നായകനായ ലോകേഷ് കനകരാജിനും സംവിധായകനായ അരുണ്‍ മഹേശ്വരനും സംഗീത സംവിധായകനായ അനിരുദ്ധിനും നിർമ്മാതാവ് കാറുകള്‍ സമ്മാനിച്ചത്. സണ്‍ പിക്ചേഴ്സ് തങ്ങളുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെ വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് താഴെയാണ് പരസ്യ എതിർപ്പുമായി സാനിയ അയ്യപ്പൻ രംഗത്തെത്തിയത്. ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്നു എന്നാണ് സാനിയ കമന്റ് ചെയ്തത്. സിനിമയില്‍ വാമിഖകൈകാര്യം ചെയ്ത കഥാപാത്രത്തിന്റെ പേര് ചന്ദ്ര എന്നായിരുന്നു.
സാനിയയുടെ ഈ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിനു താഴെ എത്തിയത്. തുടർന്ന് ഈ സംഭവം വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സിനിമയില്‍ വാമിഖ നായകനോളം തന്നെ തുല്യ പ്രാധാന്യമർഹിക്കുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളില്‍ ഉള്‍പ്പെടെ മികച്ച പ്രകടനമാണ് വാമിഖ സിനിമയില്‍ കാഴ്ച വച്ചിരിക്കുന്നത്. സിനിമ തിയേറ്ററില്‍ ഇറങ്ങിയത് മുതല്‍ നിരവധി പേരാണ് നടിയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്. സ്വാഭാവികമായും ഈ സിനിമയുടെ വിജയത്തില്‍ വാമിഖ ഗബ്ബിയ്ക്കും കാര്യമായ പങ്കുണ്ട്.
എന്നിട്ടും സിനിമയുടെ വിജയത്തിന്റെ ഭാഗമായി കാറുകള്‍ സമ്മാനിച്ചപ്പോള്‍ എന്തുകൊണ്ട് നടിയെ ഒഴിവാക്കി എന്നാണ് ഉയരുന്ന ചോദ്യം. ഏകദേശം 25 കോടി രൂപ ചെലവിലാണ് ഡി സി നിർമ്മിച്ചത് എന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ ഈ സിനിമ ആഗോളതലത്തില്‍ 100 കോടിയിലധികം ആണ് കളക്‌ട് ചെയ്തത്. പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജ് ആദ്യമായി നായക വേഷത്തില്‍ എത്തിയ സിനിമ കൂടിയായിരുന്നു ഇത്.

















