നടൻ മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ കുഞ്ഞാറ്റ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അച്ഛൻ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് കുഞ്ഞാറ്റ ഹൃദയസ്പർശിയായ കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. ‘എന്റെ സർവ്വസ്വത്തിന് ജന്മദിനാശംസകൾ’ എന്ന് തുടങ്ങുന്ന വാക്കുകളിലൂടെ, ഒരു അച്ഛൻ എന്നതിലുപരി തന്റെ വഴികാട്ടിയും കരുത്തുമായ മനുഷ്യനെ കുറിച്ച് താരം വികാരാധീനയാകുന്നു.
ജീവിതത്തെ ഗൗരവത്തോടെ കാണാൻ പഠിപ്പിച്ചതോടൊപ്പം തന്നെ, അതിനെ ലഘുവായി ആസ്വദിക്കാനും തന്നെ പ്രാപ്തയാക്കിയത് അച്ഛനാണെന്ന് കുഞ്ഞാറ്റ കുറിക്കുന്നു. ശിശുവായിരുന്ന കാലം മുതൽ ഇന്നുവരെയുള്ള അച്ഛനോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. മനോജ് കെ. ജയന്റെ രണ്ടാം ഭാര്യ ആശയും മക്കളും ഉൾപ്പെടുന്ന ഈ ചിത്രങ്ങൾ ഒരു സുന്ദരമായ കുടുംബചിത്രമാണ് വരച്ചുകാട്ടുന്നത്. എന്നാൽ അച്ഛനോടുള്ള ഈ സ്നേഹപ്രകടനത്തിനിടയിലും പങ്കുവെച്ച ചിത്രങ്ങളിലൊന്നിൽ പോലും അമ്മ ഉർവശി ഇടംപിടിക്കാത്തത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. അച്ഛന്റെ തണലിൽ വളർന്ന തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ മാത്രം കോർത്തിണക്കാൻ കുഞ്ഞാറ്റ പ്രത്യേകം ശ്രദ്ധിച്ചുവെന്നത് ശ്രദ്ധേയമാണ്.
“ഈ ലോകത്തെ ഏറ്റവും നല്ല അച്ഛന്, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവിന്, ജീവിതത്തെ ഗൗരവത്തോടെ കാണാനും എന്നാൽ അതേസമയം ലഘുവായി എടുക്കാനും എന്നെ പഠിപ്പിച്ച പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകൾ. കാര്യങ്ങൾ കൃത്യമായി ചെയ്യാനും, ദയയും സഹാനുഭൂതിയുമുള്ളവനായിരിക്കാനും, ശാന്തനായിരിക്കുന്നതോടൊപ്പം തന്നെ ആഘോഷിക്കാനും, പോകുന്നിടത്തെല്ലാം വെളിച്ചവും പോസിറ്റിവിറ്റിയും പടർത്താനും എന്നെ പഠിപ്പിച്ചത് നിങ്ങളാണ്.
പക്ഷേ, അതിലൊക്കെയുപരി, ഭയമില്ലാത്തവളായിരിക്കാനും കരുത്താർജ്ജിക്കാനുമാണ് നിങ്ങൾ എന്നെ പഠിപ്പിച്ചത്. എന്റെ ഈ ജീവിതം തന്നെ നിങ്ങൾക്ക് കടപ്പെട്ടതാണ് അച്ഛാ. എനിക്കുവേണ്ടി എപ്പോഴും കൂടെ നിന്നതിന് നന്ദി പറഞ്ഞുതീർക്കാൻ എനിക്കാവില്ല. നിങ്ങൾ എന്നെ വളർത്തിയ രീതിയെ ഞാൻ അത്രമേൽ വിലമതിക്കുന്നു. ഞാൻ വളർന്നതിനുശേഷം, അമിയെയും ചിന്നുവിനെയും നിങ്ങൾ ഇത്രയധികം സ്നേഹത്തോടെ വളർത്തുന്നത് കാണാൻ എനിക്ക് സാധിച്ചു.
ഓരോ തവണ കാണുമ്പോഴും അത് ഏറ്റവും മനോഹരമായ കാഴ്ചയാണ്. അച്ഛനോടുള്ള എന്റെ സ്നേഹം എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. വാക്കുകൾക്ക് അതിനെ ഉൾക്കൊള്ളാനാവില്ല. ജന്മദിനാശംസകൾ അച്ഛാ…എന്റെ പൂർണ ഹൃദയത്തോടെ ഞാൻ അച്ഛനെ സ്നേഹിക്കുന്നു.” കുഞ്ഞാറ്റ കുറിച്ചു. ‘‘നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു മോളെ… നിന്റെ ഈ വാക്കുകൾ എന്റെ ഹൃദയത്തെ അത്രമാത്രം ആഴത്തിൽ സ്പർശിച്ചു, ഒരുപാട് നന്ദി മോളെ,’’ എന്നായിരുന്നു മനോജ് കെ. ജയൻ മകൾക്ക് നൽകിയ മറുപടി. അച്ഛനും മകളും തമ്മിലുള്ള ഈ സ്നേഹപ്രകടനം ഇതിനോടകം തന്നെ ആരാധകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു.
















