പരീക്ഷയിൽ ജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടറെ ഊട്ടി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശ് ആണ് പിടിയിലായത്.
സർവകലാശാലാ അധികൃതരുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് മാർക്ക് വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വിദ്യാർഥിനിയെ സമീപിച്ചത്. തുടർന്ന് സ്വകാര്യ ഹോട്ടലിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
സമാനമായ രീതിയിൽ ഇയാൾ മറ്റ് വിദ്യാർഥിനികളെയും കെണിയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.
















