സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർശന നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വിജിലൻസ് ഡയറക്ടർക്ക് കേസെടുക്കാൻ നേരിട്ട് നിർദേശം നൽകിയ കോടതി, വിഷയത്തിൽ അന്വേഷണത്തിനായി സർക്കാർ രൂപീകരിച്ച ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ റദ്ദാക്കുകയും ചെയ്തു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസ് രജിസ്റ്റർ ചെയ്യുന്നതിന് പകരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇ.ഡി കൈമാറിയ രേഖകളിലും എസ്.ഐ.ടിയുടെ പക്കലുള്ള വിവരങ്ങളിലും കേസ് അന്വേഷിക്കാൻ തക്ക ശക്തമായ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഈ വിവരങ്ങൾ ഉടൻ തന്നെ വിജിലൻസിന് കൈമാറാനും കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ മാസപ്പടി അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി റിയാസും പ്രതിപ്പട്ടികയിൽ ഉൾപ്പെടും.















