എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിംഗിൾ ബെഞ്ച് വിധി നിയമവിരുദ്ധമാണെന്നും കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നുമാണ് അപ്പീലിലെ പ്രധാന വാദം.
കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ തീർപ്പാക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലാണ്. ഇതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ പറയുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ട്. മൂന്ന് വർഷം തുടർച്ചയായി വീഴ്ച വരുത്തിയാൽ മാത്രമേ അയോഗ്യത നിലനിൽക്കൂ.
കേന്ദ്ര കമ്പനി നിയമപ്രകാരമുള്ള ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ ഹാജരാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇതിൽ പ്രത്യേക ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ നിലവിലെ നടപടി നിലനിൽക്കില്ലെന്നുമാണ് വാദം.
സാമ്പത്തിക സ്റ്റേറ്റ്‌മെന്റുകൾ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടതും ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ ഇല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ടി.ആർ. രവി ഭാരവാഹികളെ അയോഗ്യരാക്കിയത്. വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവർക്കെതിരെയായിരുന്നു നടപടി.
















