സംസ്ഥാനത്ത് പാചകവാതക വിതരണം താറുമാറായതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയിൽ ഉണ്ടായ വൻ കുറവ് ഹോട്ടലുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിൽ, ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വരുന്ന തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തും.
പ്രതിഷേധത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ നാളെ (വ്യാഴാഴ്ച) എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാൻ്റുകളിലേക്ക് ഹോട്ടൽ ഉടമകൾ മാർച്ച് സംഘടിപ്പിക്കും. ഹോട്ടൽ മേഖലയെ ‘അവശ്യ സർവീസ്’ ആയി പ്രഖ്യാപിക്കണമെന്നും മുൻഗണനാടിസ്ഥാനത്തിൽ പാചകവാതകം ലഭ്യമാക്കണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം. നിലവിലെ ക്ഷാമം തുടർന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടേണ്ടി വരുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, രാജ്യത്തെ പാചകവാതക വിതരണ ശൃംഖല പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കങ്ങൾ നടത്തുകയാണ്. ഇറാനിൽ നിന്ന് കൂടുതൽ എൽപിജി ടാങ്കറുകൾ ഇന്ത്യയിലെത്തിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിതരണത്തിലെ തടസ്സങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
ക്ഷാമം മുതലെടുത്ത് നടക്കുന്ന പൂഴ്ത്തിവെപ്പിനെതിരെയും കരിഞ്ചന്തയ്ക്കെതിരെയും രാജ്യവ്യാപകമായി കർശന നടപടികളാണ് സ്വീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഇതുവരെ 15,000 സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.
















