സൂര്യ നായകനാകുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ നടൻ ആന്റണി വർഗീസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. സൂര്യയ്ക്കൊപ്പമുള്ള ചിത്രം ഉൾപ്പെടുത്തിയാണ് കുറിപ്പ്. ഈ ചിത്രം പങ്കുവയ്ക്കാൻ 276 ദിവസം കാത്തിരുന്നുവെന്നും വിശ്വനാഥ് ആൻഡ് സൺസ് സിനിമയുടെ സെറ്റിൽ വെച്ചാണ് സൂര്യയെ കണ്ടതെന്നും നടൻ പറയുന്നു.
‘‘മറ്റൊരു ഫാൻ ബോയ് നിമിഷം ക്യാമറയിൽ പകർത്തി.ഈ ചിത്രം പങ്കുവയ്ക്കാൻ 276 ദിവസം കാത്തിരുന്നു. വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്. അവിടെ വച്ച്, കഠിനമായ ഒരു ആക്‌ഷൻ രംഗം മികച്ചതായി മാറ്റുന്നത് ഞാൻ കണ്ടു. അദ്ദേഹവുമായി കുറച്ചു സംസാരിക്കാനും ഒരു ഫ്രെയിമിൽ ഒരുമിച്ചെത്താനും കഴിഞ്ഞതിൽ വലിയ സന്തോഷം. സൂര്യ സാറിനും പ്രിയപ്പെട്ട വെങ്കി അറ്റ്ലൂരിക്കും ഒരു ബ്ലോക്ക്ബസ്റ്റർ യാത്ര ആശംസിക്കുന്നു.’’–ആന്റണിയുടെ വാക്കുകൾ.
ദുൽഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആന്റണി, തന്റെ പ്രിയതാരത്തെ കണ്ടത്. ഇരു സിനിമകളുടെയും ചിത്രീകരണം ഹൈദരാബാദ് ആയിരുന്നു. ‘ലക്കി ഭാസ്കർ’ എന്ന സിനിമയ്ക്കു ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരം മമിത ബൈജു ആണ് നായികയായെത്തുന്നത്.
















