ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് അനുഷ്ക ഷെട്ടി. 2005ൽ തെലുങ്ക് സിനിമയിലൂടെ ആണ് അവർ അഭിനയലോകത്തേക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് വിവിധ ഭാഷകളിലായി നിരവധി ഹിറ്റുകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. ബഹുബലി, അരുന്ധതി, ഭാഗമതി തുടങ്ങിയ കരുത്തുറ്റ സ്ത്രീവേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. നിലവിൽ മലയാള ചിത്രം കത്തനാർ ആണ് അനുഷ്കയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ അനുഷ്ക ഷെട്ടി വിവാഹിതയാകാൻ പോകുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്
അനുഷ്കയുടെ വിവാഹം കുടുംബം തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഉടൻ തന്നെ വിവാഹ വിവരം ഔദ്യോഗികമായി പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. വരൻ ആരാണ് എന്ന സൂചനകളും ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ വ്യവസായി ആണ് വരനെന്നും അനുഷ്‌കയുടെ കുടുംബവും വരൻ്റെ വീട്ടുകാരും തമ്മിൽ നേരത്തെ തന്നെ പരിചയമുണ്ടെന്നും ഈ ബന്ധമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തി നിൽക്കുന്നതെന്നുമാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തന്റെ 44-ാം വയസിലാണ് അനുഷ്ക ഷെട്ടി വിവാഹിതയാകാൻ പോകുന്നത്.
അനുഷ്കയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തെ പല വാർത്തകളും പ്രചരിച്ചിരുന്നു. പ്രത്യേകിച്ച് പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കിയ അനുഷ്ക തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയിരുന്നു.
















