എസ്എൻഡിപി യോഗം ഭാരവാഹികളിൽ നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി കോടതി. ബോർഡിലേക്ക് താൽക്കാലിക പ്രതിനിധികളായി ആരെയും നിർദ്ദേശിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്ന് ആയിരുന്നു വെള്ളാപ്പള്ളി അപ്പീൽ നൽകിയത്. അപ്പീൽ ഉടൻ പരിഗണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. മാർച്ച് 16നായിരുന്നു എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നായിരുന്നു വെള്ളാപ്പള്ളി അപ്പീലിൽ പറയുന്നത്.
















