മസ്റ്ററിംഗിന് സഹകരിക്കാത്ത തരത്തില്‍ മാനസിക വൈകല്യങ്ങളുള്ളവര്‍ക്ക് തടസമില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നതിന് മാനുഷികപരിഗണന നല്‍കി പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്താനാണ് വര്‍ഷം തോറും മസ്റ്ററിംഗ് നടത്തുന്നതെന്നും ഉത്തരവില്‍ പറഞ്ഞു. ആവശ്യമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി ഗുണഭോക്താവിന്റെ വീട്ടിലെത്തി ആള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
72 വയസുള്ള വിതുര പൊന്‍പാറ സ്വദേശിനിയായ അമ്മ 26 വര്‍ഷമായി മാനസികരോഗമുള്ള മകന് വേണ്ടി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മകന് പ്രതിമാസം ലഭിക്കുന്ന 1600 രൂപ കൊണ്ടാണ് ജീവിക്കുന്നതെന്നും മകന്‍മസ്റ്ററിംഗിനായി കൈ മെഷീനില്‍ പതിപ്പിക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ 8 മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞു. സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പരാതിക്കാരിയുടെ മകന് പെന്‍ഷന്‍ നല്‍കിയെന്നും അത് സേവന പെന്‍ഷന്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ഇനിയും ഇത്തരത്തില്‍ പ്രശ്‌നമുണ്ടായാല്‍ ഇപ്പോള്‍ പരിഹരിച്ചതുപോലെ ഭാവിയിലെ പ്രശ്‌നങ്ങളും പരിഹരിച്ച് തടസമില്ലാതെ പെന്‍ഷന്‍ നല്‍കണമെന്ന് കമ്മീഷന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ആവശ്യമെന്ന് കണ്ടാല്‍ പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
















