‘പോനാല്‍ പോകട്ടും പോടാ’ എന്ന ശൈലിയിലാണ് ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി. ആദ്യമായി നിയമസഭാ സീറ്റിന്റെ അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖറാണ്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ മണിക്കൂറുകളോളം ഒറ്റയ്ക്കിരുന്നപ്പോഴേ രാജീവ് ചന്ദ്രശേഖര്‍ നേമത്തിലേക്കെന്ന് ഉറപ്പിച്ചതാണ്. ഒ. രാജഗോപാല്‍ തുടങ്ങിവെച്ച വിജയത്തിന് പിന്തുണ നല്‍കാന്‍ നിലമൊരുക്കുകയായിരുന്നു രാജീവും കൂട്ടരും ഇതുവരെ. ഇപ്പോള്‍ മത്സരിക്കാനുള്ള സമയമായെന്ന് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് റിസള്‍ട്ടും കാണിച്ചു കൊടുത്തതോടെ കൂടുതല്‍ കരുത്തുണ്ടായി.
എന്നാല്‍, നേമത്തെ പുല്ലിനും പൂവിനും പോലും സുപരിചിതനായ വി.ശിവന്‍കുട്ടിയാണ് എതിരേ നില്‍ക്കുന്നത് എന്നതാണ് തടസ്സം. പക്ഷെ, അതൊക്കെ രികടക്കാന്‍ ബി.ജെ.പി ഒരുക്കിയിരിക്കുന്നത് വിപുലമായ പ്രചാരണം തന്നെയാണ്. കേരളത്തില്‍ ബി.ജെ.പിയുടെ പ്രചാരണത്തില്‍ മുഴങ്ങി കേള്‍ക്കുന്നത് കൂടുതലും ഹിന്ദിയും ഇംഗ്ലീഷുമായിരിക്കും. ദേശീയ നേതാക്കളെല്ലാം കേരളത്തിലേക്ക് പറക്കും. ഓരോമണ്ഡലങ്ങളിലും നേതാക്കള്‍ വാഗ്ദാനപ്പെരുമഴ പെയ്യിക്കും. ഓപ്പം നില്‍ക്കാനും വികസനം ഉറപ്പാക്കാനും എന്‍.ഡി.എ അധികാരത്തില്‍ വരണമെന്ന മന്ത്രമാകും ഉരുവിടുക. ബി.ജെ.പിയിലെ സംസ്ഥാന നേതാക്കളെക്കൊണ്ട് പ്രചാരണത്തില്‍ പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പില്ലെന്നത് പൊതുവേയുള്ള ധാരണയാണ്.
ഇതിനെ തിരുത്താനാണ് ദേശീയ നേതൃത്വം കേന്ദ്ര ഭരണത്തിന്റെ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടി വോട്ടു തേടാനെത്തുന്നത്. ബിജെപിയുടെ വന്‍നിര തന്നെ അണിനിരക്കുന്നതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു തന്നെയാണ് കണക്കു കൂട്ടലും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും രണ്ട് തവണ വീതം സംസ്ഥാനത്ത് എത്തുമെന്നതാണ് പ്രധാന ആകര്‍ഷണം. ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ മൂന്ന് തവണ സന്ദര്‍ശനം നടത്തും. സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണ വേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നേരിട്ടെത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും, കാസര്‍കോട് ഡല്‍ഹി മുഖ്യമന്ത്രിയും (ബി.ജെ.പി പ്രതിനിധി), കണ്ണൂരില്‍ മണിപ്പൂര്‍ മുഖ്യമന്ത്രിയും പങ്കെടുക്കും.
കൊല്ലം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ഗോവ മുഖ്യമന്ത്രിയായിരിക്കും പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടത്തിലാണ് ബിജെപി നേതൃത്വം. മൂന്നാം പട്ടിക ഉടന്‍ പുറത്തിറങ്ങും. ഇതുവരെ രണ്ട് ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ളത്. ഇതില്‍ തിരുവനന്തപുരം സെന്‍ട്രല്‍, മാവേലിക്കര തുടങ്ങിയ ശ്രദ്ധേയമായ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ എന്‍ഡിഎയുടെ പ്രചാരണം കൂടുതല്‍ ശക്തമാകും. ബി.ജെ.പിയുടെ നേതാക്കളെല്ലാം മത്സരിക്കുന്നതിനൊപ്പം ചേക്കറിയവര്‍ക്കും സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപരത്ത് വി. സുരേന്ദ്രന് സീറ്റ് നല്‍കിയാണ് ബി.ജെ.പി ഞെട്ടിച്ചിരിക്കുന്നത്.
















