തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ, ചികിത്സയിലുണ്ടായിരുന്ന രോഗികൾ മരിച്ചുവെന്ന് ആരോപണം. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നെയ്യാറ്റിൻകര, ഓയൂർ സ്വദേശികളുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തുവന്നത്.
മാർച്ച് 17നാണ് മൾട്ടി സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ സർജറി ഐസിയുവിലെ വെന്റിലേറ്ററിന് തീപിടിച്ചത്. ന്യൂറോ – ജനറൽ വിഭാഗത്തിലെ 33 രോഗികളെ തീപിടിത്തത്തെ തുടർന്ന് ഇവിടെ നിന്നും മാറ്റിയിരുന്നു. സംഭവത്തിന് പിന്നാലെ രോഗികൾ മരിച്ചതോടെ ആരോപണവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു.
അതേസമയം ബന്ധുക്കളുടെ ആരോപണം മെഡിക്കൽ കോളേജ് അധികൃതർ തള്ളി. വെന്റിലേറ്റർ നൽകിയാണ് രോഗികളെ മാറ്റിയതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
















