വാഹനപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗികള്‍ മരിച്ചസംഭവത്തെ കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ഉണ്ടായ ഫയര്‍ ഇന്‍സിഡന്റുമായി ബന്ധപ്പെടുത്താനുള്ള നീക്കം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും ആശുപത്രി സൂപ്രണ്ടും പറഞ്ഞു. ചികിത്സയിലുണ്ടായിരുന്നവരില്‍ അഞ്ചു പേരുടെ മരണം ഫയര്‍ ഇന്‍സിഡന്റോ അതിന്റെ പാര്‍ശ്വഫലങ്ങള്‍ കൊണ്ടോ സംഭവിച്ചതല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാരും ഐസിയുവിന്റെ ചുമതലയുള്ള ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്.
രോഗികളെ മറ്റൊരു ഐസിയുവിലേക്ക് മാറ്റിയതു കൊണ്ടും അവര്‍ക്ക് പുതുതായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. മരിച്ച അഞ്ചു പേരും വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലുണ്ടായിരുന്നവരാണ്. ഇവര്‍ മരിച്ചത് പല ദിവസങ്ങളിലായാണ്. അഞ്ചു പേരുടെയും പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞു. ഫയര്‍ ഇന്‍സിഡന്റുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമാണ് മരണകാരണമെങ്കില്‍ അതു പോസ്റ്റുമോര്‍ട്ടത്തില്‍ തെളിയേണ്ടതായിരുന്നു. രോഗികളുടെ മരണം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭ്യമായിട്ടില്ല. പരാതി ലഭിക്കുകയാണെങ്കില്‍ നിയമപരമായി പരിശോധിക്കുമെന്നും ഇരുവരും അറിയിച്ചു. പ്രസ്തുത സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കണമെന്ന് പ്രിന്‍സിപ്പല്‍ അഭ്യര്‍ത്ഥിച്ചു.
















