ഊട്ടിയിൽ സെൽഫി എടുക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കൊക്കയിൽ വീണ വിനോദസഞ്ചാരിയെ അത്ഭുതകരമായി രക്ഷപെടുത്തി സൈന്യം. ചെന്നൈ ചെങ്കൽപെട്ട സ്വദേശി ശിവഗുരുനാഥൻ (27) ആണ് മലമുകളിൽനിന്ന് സെൽഫി എടുക്കുമ്പോൾ കൊക്കയിൽ വീണത്. അപകടം നടന്ന് പത്തുമണിക്കൂറിനുശേഷം സൈന്യം അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയോട് ചേർന്നുള്ള സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം. വിനോദസഞ്ചാരത്തിന് എത്തിയ ശിവഗുരുനാഥൻ ആരും ഇല്ലാത്ത സമയത്തു കൊക്കയുടെ അടുത്ത് നിന്ന് സെൽഫി എടുക്കുകയായിരുന്നു. പെട്ടന്ന് കാൽ വഴുതി താഴെ വീണ് ബോധം പോയി.
ബോധം വന്നതിന് ശേഷം ഇയാൾ താൻ താമസിച്ച ലോഡ്ജ് അധികൃതരെ മൊബൈൽഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഹോട്ടൽ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേന, വനംവകുപ്പ്, പോലീസ് എന്നിവർ സ്ഥലത്തെത്തി ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ശിവഗുരുനാഥൻ അവശനിലയിൽ കിടക്കുന്നത് കണ്ടെത്തി. ദുർഘടമായ സ്ഥലമായതിനാൽ അഗ്നിരക്ഷാ സേനക്ക് രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് കൂനൂരിലെ സൈനിക കേന്ദ്രത്തിന്റെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
സൈനികർ സാഹസികമായി ചെന്ന് ശിവഗുരുനാഥനെ കണ്ടെത്തി ശേഷം പ്രഥമശുശ്രൂഷ നൽകിയതിനുശേഷം സ്ട്രെച്ചറിൽ കിടത്തി മല മുകളിലെത്തിച്ചു. ശരീരത്തിന്റെ പല ഭാഗത്തും പരിക്കുപറ്റിയ ശിവഗുരുനാഥനെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















