ഇന്ന് രാജ്യം അനുഭവിക്കുന്ന ഗുരുതര ഊര്‍ജ പ്രതിസന്ധിക്ക് കാരണം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു കീഴ്‌പ്പെട്ടുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും നയിച്ച കേന്ദ്രസര്‍ക്കാരുകള്‍ വര്‍ഷങ്ങളായി സ്വീകരിച്ച നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഈ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുകയും രാജ്യത്തിന്റെ ഊര്‍ജസുരക്ഷയെ തന്നെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
2006-ല്‍ ഇന്ത്യ ഇറാന്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ നിന്നും പിന്മാറിയ തീരുമാനം രാജ്യത്തിന്റെ ദീര്‍ഘകാല താല്‍പര്യങ്ങളെ അവഗണിച്ച ചരിത്രപരമായ പിഴവായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് അന്ന് ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ഇന്ത്യ-ഇറാന്‍ വാതക പൈപ്പ് ലൈനിനുവേണ്ടി നിലപാടെടുത്തു എന്ന ഒറ്റക്കാരണത്താല്‍ അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രിയായ മണിശങ്കര്‍ അയ്യരെ 2006-ല്‍ ആ സ്ഥാനത്ത് നിന്നും നീക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനൊപ്പം തന്നെ സ്വകാര്യ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളും ആ തീരുമാനത്തെ സ്വാധീനിച്ചതായി പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. മണിശങ്കര്‍ അയ്യരെ മാറ്റി കോര്‍പ്പറേറ്റുകളുടെ അടുപ്പക്കാരനായ മുരളി ദേവ്രയെ പെട്രോളിയം മന്ത്രിസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. തുടര്‍ന്നുണ്ടായ നയപരമായ മാറ്റങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ സ്വയംപര്യാപ്തതയെ ശക്തിപ്പെടുത്തുന്നതിനുപകരം കോര്‍പ്പറേറ്റ് കേന്ദ്രീകൃത സമീപനങ്ങള്‍ക്കാണ് വഴിവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
















