വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാതശിശുവും മാതാവും മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ ഹൈസ്കൂളിന് സമീപം കല്ലുവളപ്പിൽ ഇബ്രാഹിമിനെയാണ് (43) ചാവക്കാട് എസ്.എച്ച്.ഒ. എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇബ്രാഹിമിന്റെ ഭാര്യ മുഹസീനയുടെ (37) മരണകാരണം ചികിത്സാ നിഷേധമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. ഗർഭകാലത്തോ പ്രസവസമയത്തോ അതിനുശേഷമോ മുഹസീനയ്ക്ക് ശാസ്ത്രീയമായ യാതൊരു ചികിത്സയും ഇയാൾ നൽകിയിരുന്നില്ല. ഇതിനെത്തുടർന്നുണ്ടായ കടുത്ത അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഫോറൻസിക് സർജൻ പോലീസിന് മൊഴി നൽകി.
വീട്ടിൽ വെച്ച് പ്രസവം നടന്ന സമയത്ത് ആവശ്യമായ വൈദ്യസഹായം തേടുന്നതിന് പകരം അശാസ്ത്രീയമായ രീതികൾ പിന്തുടർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. നവജാതശിശു പ്രസവത്തിന് പിന്നാലെ മരിച്ചിരുന്നു. തുടർന്ന് മുഹസീനയുടെ ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം. തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ദമ്പതികൾ താമസിച്ചിരുന്ന വീട് പോലീസ് നേരത്തെ തന്നെ സീൽ ചെയ്തിരുന്നു.
















