ഗുരുഗ്രാമിൽ പ്രണയിച്ച് വിവാഹം കഴിച്ച് നാലാം മാസം സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭർത്താവ്. ഗുരു ഗ്രാമിലെ നഴ്സിംഗ് ഫോമിൽ റേഡിയോളജിസ്റ്റായ അരുൺ ശർമയാണ് ഭാര്യ കാജലിനെ കൊലപ്പെടുത്തിയത്.
നാലുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഒരേ നേഴ്സിങ് ഹോമിൽ ജോലി ചെയ്തിരുന്ന ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പ്രണയത്തിനൊടുവിൽ ആണ് നവംബറിൽ ഇവരുടെ വിവാഹം നടന്നത്.
എന്നാൽ ലഹരിക്ക് അടിമയായ അരുൺ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം കാജലിനെ ഉപദ്രവിക്കാൻ തുടങ്ങി. ഹോളി ആഘോഷത്തിനായി കാജലിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.
മാർച്ച് 17ന് ഒറ്റയ്ക്ക് സംസാരിക്കാൻ ഉണ്ടെന്നും പറഞ്ഞ് അരുൺ കാജലിനെ താഴത്തെ നിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ബന്ധുക്കൾ നോക്കുമ്പോൾ കാജൽ അബോധാവസ്ഥയിൽ മൂക്കിലൂടെ ചോര ഒലിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു. ഉടൻതന്നെ അവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
അരുൺ കാജലിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി കുറ്റസമ്മതം നടത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൂടുതൽ നടപടികൾ സ്വീകരിക്കു.
















