കൊല്ലം ഏരൂരിൽ കുടുംബ വഴക്കിനിടെ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ഏരൂർ പൊലീസ് പിടികൂടി. ആയിരനല്ലൂർ സ്വദേശി നന്ദകുമാർ (45) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചയോടെ നന്ദകുമാറിന്റെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. സാരമായി പരിക്കേറ്റ ഭാര്യ സിമി (40), മകൻ എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിമിയുടെയും മകന്റെയും പേരിൽ പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ തിരികെ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വാക്കേറ്റത്തിനിടെ നന്ദകുമാർ സിമിയെ കഴുത്തിന് കുത്തിപ്പിടിച്ച് മുറ്റത്തേക്ക് തള്ളിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റ സിമി വിവരം മാതാവിനെ വിളിച്ചറിയിക്കാൻ ശ്രമിക്കുന്നതിനിടെ നന്ദകുമാർ കത്തിയെടുത്ത് കുത്തുകയായിരുന്നു.
അമ്മയെ അക്രമിക്കുന്നത് തടയാൻ എത്തിയ മകനും നന്ദകുമാറിന്റെ മർദ്ദനമേറ്റു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചത്. പ്രതിക്കെതിരെ വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ്, ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















