മുഖ്യമന്ത്രി പിണറായി വിജയൻ ജി. സുധാകരനെതിരായ നടത്തിയ പരാമർശത്തെ ന്യായികരിച്ചു മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. ദീർഘകാലമായി സി.പി.എം. നേതൃനിരയിലുണ്ടായിരുന്ന സുധാകരന്റെ നിലപാടുമാറ്റത്തെ ‘ചെറ്റത്തരം’ എന്നായിരുന്നു മുഖ്യമന്ത്രി പരാമർശിച്ചത്. ചെറ്റത്തരമെന്നാൽ അൽപ്പത്തരമാണെന്ന് ആണ് ബാലൻ പറഞ്ഞത്.
1977 ഡിസംബർ ഏഴിന് പന്തളം എൻ.എസ്.എസ് കോളേജിൽവെച്ച് കെ.എസ്.യു പ്രവർത്തകർ കൊലപ്പെടുത്തിയ ജി. സുധാകരന്റെ അനുജനും എസ്.എഫ്.ഐ നേതാവുമായിരുന്ന പി.ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചുകൊണ്ടാണ് ജി. സുധാകരന്റെ നിലവിലെ രാഷ്ട്രീയ നിലപാടുകളേ ബാലൻ രൂക്ഷമായി വിമർശിച്ചത്.
തെങ്ങിന്റെ പൂങ്കുല അടിച്ചുതെറിപ്പിക്കുന്നത് പോലെയാണ് കെ.എസ്.യു. ഗുണ്ടകൾ അന്ന് തന്റെ അനുജന്റെ തലച്ചോറ് തച്ചുപൊട്ടിച്ചതെന്ന് സുധാകരൻ പറഞ്ഞത് ഓർമയുണ്ട് എന്നും ഇത്രയും ക്രൂരത അനുഭവിച്ചിട്ടും പുന്നപ്ര വയലാറിന്റെ മണ്ണിൽ എൽ.ഡി.എഫിനെതിരേ മത്സരിക്കാനും കോൺഗ്രസ് സഹായത്തോടെ വോട്ടുപിടിക്കാനും സുധാകരന് എങ്ങനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
















