കോട്ടയം തലയോലപ്പറമ്പിൽ ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബുവാണ് (29) ഡൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
ഇന്നലെ രാവിലെ 10 മണിയോടെ വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവിൽ വെച്ചായിരുന്നു സംഭവം നടന്നത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ വള്ളത്തിൽ യാത്രചെയ്ത് ചൂണ്ടയിട്ട് മീൻപിടിച്ച് റീൽസുചെയ്ത് പോസ്റ്റുചെയ്തിരുന്നയാളാണ് അഭിജിത്ത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.
വള്ളത്തിൽ ഒളിപ്പിച്ചുെവച്ചിരുന്ന കഞ്ചാവ് പോലീസ് കണ്ടെടുക്കുകയായിരുന്നു. കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് യുവാവ് പിടിയിലാകുന്നത്. പ്രതിക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർചെയ്തു.
















