സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാടും ഏറ്റുമാനൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥി നിർണ്ണയത്തിൽ വരുത്തിയ മാറ്റങ്ങളും ട്വന്റി-20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യുഡിഎഫിനെ തകർക്കാൻ മോദിയും അമിത് ഷായും പിണറായി വിജയനും ചേർന്നുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ബിജെപിക്ക് ചെയുന്ന വോട്ട് പിണറായിയെ സഹായിക്കാൻ ആണെന്നും ശബരിമല വിഷയത്തിൽ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സർക്കാർ ഇപ്പോഴും സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് പുറമെ പറയുമ്പോഴും, ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന പഴയ സത്യവാങ്മൂലത്തിൽ തന്നെ സർക്കാർ സുപ്രീം കോടതിയിൽ ഉറച്ചുനിൽക്കുന്നത് ഭക്തരോടുള്ള പരസ്യമായ വഞ്ചനയാണ് എന്നും വിശ്വാസികളുടെ ഹൃദയം മുറിപ്പെടുത്തിയ മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്തുമ്പോൾ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം എന്നും ചെന്നിത്തല പറഞ്ഞു.
















