കാസർകോട് ആദൂറിൽ പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ മകനെ നാലു വർഷത്തിനുശേഷം പോലീസ് പിടികൂടി. പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദിനെയാണ് ആദൂർ പോലീസ് പിടികൂടിയത്. പാണ്ടി വെള്ളരിക്കയയിലെ ബാലകൃഷ്ണ നായിക്കിനെയാണ് (57) കൊലപ്പെടുത്തിയത്.
2022 ഏപ്രിൽ അഞ്ചിന് പുലർച്ചെ നാലോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛനായ ബാലകൃഷ്ണ നായിക്കിനെ മകൻ നരേന്ദ്ര പ്രസാദ് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ ബാലകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചേക്കിലും മരണം സംഭവിച്ചിരുന്നു. സംഭവം നടന്ന അന്ന് തന്നെ നരേന്ദ്ര പ്രസാദ് ഒളിവിൽ പോയിരുന്നു.
കഴിഞ്ഞദിവസം പ്രതി പാണ്ടി വെള്ളരിക്കയയിലെ തന്റെ താമസസ്ഥലത്തിനുസമീപം എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്നാണ് പ്രതിയെ പൊലീസ് സംഘം അവിടെയെത്തി പിടികൂടിയത്.
















