നിരവധി സിനിമകളിൽ കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ കുടുംബജീവിതത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും പങ്കുവച്ച കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. ഐസ് ബ്രേക്ക്സ് എന്റർടെയ്ൻമെന്റിനു നൽകിയ അഭിമുഖത്തിൽ ആണ് മഞ്ജു പത്രോസ് മനസുതുറന്നത്.
‘‘എന്റെ വ്യക്തിജീവിതത്തിന് പ്രധാനമായും രണ്ട് ഇന്നിങ്സുകളാണുള്ളത്. അവിടെ രണ്ട് മഞ്ജുമാരുണ്ട്; ഒന്ന് 40 വയസ്സിന് മുൻപുള്ള മഞ്ജുവും, മറ്റൊന്ന് 40-കൾക്ക് ശേഷമുള്ള മഞ്ജുവും. പഴയ മഞ്ജുവിന് വലിയൊരു പേടിയുണ്ടായിരുന്നു, ഒറ്റയ്ക്ക് ജീവിക്കാനുള്ള പേടി. ‘ഒരാൾ കൂടെയില്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും? ഞാൻ ഇനി എന്ത് ചെയ്യും?’ എന്നൊക്കെ ആലോചിച്ച് ഒരുപാട് കരഞ്ഞുതീർത്ത നിമിഷങ്ങൾ എനിക്കുണ്ടായിരുന്നു. ഇനി എന്ത് എന്നറിയാതെ പകച്ചുനിന്ന കാലം. എന്നാൽ ഇന്നത്തെ മഞ്ജുവിന് അങ്ങനെയുള്ള ചിന്തകളൊന്നുമില്ല. ആ ഭയത്തെ ഞാൻ പാടേ മറികടന്നു കഴിഞ്ഞു.
ഇന്ന് എന്റെ കയ്യിൽ വലിയ സമ്പാദ്യമൊന്നുമില്ല. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് നിലവിലുള്ള കടങ്ങൾ വീട്ടിക്കൊണ്ടിരിക്കുകയാണ് ഞാൻ. വീട് വച്ചതിന്റെ ബാധ്യതകളുണ്ട്, അത് തീർക്കണം. അതല്ലാതെ എനിക്ക് മറ്റ് ഇൻവെസ്റ്റ്‌മെന്റുകൾ ഒന്നുമില്ല. പിന്നെ എന്റെ മകൻ; അവൻ ബെംഗളൂരിലാണ് പഠിക്കുന്നത്. അവന്റെ പഠനത്തിനും മറ്റ് കാര്യങ്ങൾക്കും നല്ല ചെലവുണ്ട്. പിന്നെ എന്റെ സ്വന്തം കാര്യങ്ങളും ചിട്ടി വട്ടങ്ങളുമൊക്കെയായി ജീവിതം മുന്നോട്ട് പോകുന്നു.
സുനിച്ചനുമായി നിലവിൽ എനിക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങൾ തമ്മിൽ യാതൊരുവിധ കോൺടാക്റ്റും ഇപ്പോൾ നിലവിലില്ല. എങ്കിലും ബർണാച്ചൻ (മകൻ) അച്ഛനെ വിളിക്കാറുണ്ട്, അവർ സംസാരിക്കാറുണ്ട്. അവൻ അച്ഛനെ കാണാൻ പോകാറുമുണ്ട്. അത് വേണ്ട എന്ന് പറയാൻ ഞാൻ ആരുമല്ല, അതിന് ഞാൻ തടസ്സവുമാകില്ല. ആ ബന്ധങ്ങൾ അവിടെ തുടരട്ടെ. ഞങ്ങൾ നിയമപരമായി വിവാഹമോചിതരായിട്ടുമില്ല എങ്കിലും ഇനി ഒരുമിക്കുന്ന കാര്യം ആലോചിക്കുന്നേയില്ല.
ജീവിതത്തിൽ എത്രയോ തവണ ഞാൻ വാടകവീടുകൾ മാറി താമസിച്ചിട്ടുണ്ടെന്നോ. വീട് മാറുന്നതല്ല പ്രശ്നം, ഓരോ തവണയും സാധനങ്ങളെല്ലാം കെട്ടിക്കൊണ്ടുപോയി പുതിയൊരിടത്ത് അടുക്കി വെക്കണം. ആ വീടിനെ സ്നേഹിച്ചു തുടങ്ങുമ്പോഴേക്കും അടുത്ത മാറേണ്ട സമയമാകും. പുതിയ ആളുകൾ, അവരുടെ ചോദ്യങ്ങൾ… അങ്ങനെ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ‘എന്റെ വീട്’ എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഞാൻ ജനിച്ചുവളർന്ന അമ്മച്ചിയുടെ വീടാണ്. അവിടെയാണ് ഞാൻ ഏറ്റവും സന്തോഷത്തോടെ ഇരുന്നിട്ടുള്ളത്. പക്ഷേ, ഇന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്, എനിക്ക് സ്വന്തമായി മറ്റൊരു വീടുണ്ടെന്നും ഒടുവിൽ എനിക്ക് ചെന്നുനിൽക്കേണ്ടത് അവിടെയാണെന്നും.
എന്റെ റിട്ടയർമെന്റ് ജീവിതത്തെക്കുറിച്ച് എനിക്ക് വ്യക്തമായ പ്ലാനുകളുണ്ട്. 60-65 വയസ്സാകുമ്പോഴേക്കും ഇതെല്ലാം മതിയാക്കി, കുറച്ച് പണമൊക്കെ സമ്പാദിച്ച് എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പം ഒരു വീട്ടിൽ താമസിക്കണം. നല്ല തണുപ്പുള്ള ഏതെങ്കിലും സ്ഥലത്ത്, മറ്റൊന്നും ആലോചിക്കാതെ ഒരു ‘ചിൽ വൈബിൽ’ ഹാപ്പിയായി ജീവിക്കണം എന്നതാണ് എന്റെ സ്വപ്നം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് ചോദിച്ചാൽ എന്റെ ‘ബർണാച്ചൻ’ ആണ്. അവന് ഇപ്പോൾ 20 വയസ്സാകാൻ പോകുന്നു. ഇതുവരെ അവനെക്കൊണ്ട് ഒന്ന് ഉറക്കെ വിളിപ്പിക്കേണ്ട സാഹചര്യം പോലും അവൻ ഉണ്ടാക്കിയിട്ടില്ല.
അത്രയും നല്ല സ്വഭാവമാണ് എന്റെ മോന്. ചിലപ്പോൾ അവനെ എനിക്ക് കിട്ടാൻ വേണ്ടിയായിരിക്കാം ദൈവം എന്നെ കല്യാണം കഴിപ്പിച്ചത് എന്ന് പോലും ഞാൻ ചിന്തിക്കാറുണ്ട്. അവനില്ലാത്ത ഒരിടത്തും എനിക്ക് നിൽക്കാൻ ഇഷ്ടമല്ല, ഞങ്ങൾ അത്രയും ക്ലോസ് ആണ്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്റെ മകനാണ്. പിന്നെ എന്റെ പപ്പ, അമ്മച്ചി, ആങ്ങള മനുവും അവന്റെ ഫാമിലിയും, പ്രീതി, എന്റെ സുഹൃത്ത് സിമി, ഇവരൊക്കെയാണ് ഇത്രയും കാലം കൊണ്ട് ഞാൻ നേടിയ സമ്പാദ്യം. ജീവിതത്തിൽ ഇനി എന്ത് ഇല്ലാതായാലും ഇവരൊക്കെ എന്റെ കൂടെയുണ്ടാകുമെന്ന ഉറപ്പുണ്ട്. ആ ബോധ്യത്തിൽ ഞാൻ ഇന്ന് പൂർണ സന്തോഷവതിയാണ്.” മഞ്ജു പത്രോസ് പറയുന്നു.
















