ഷാജി പാപ്പനും സംഘവും തിയറ്ററുകളിൽ ഓളം സൃഷ്ടിക്കുമ്പോൾ സംവിധായകൻ മിഥുൻ മാനുവലിന്റെ കൗതുകകരമായ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സിനിമയുടെ എഡിറ്റിങ് ടേബിളിൽ വച്ച് ഏറെ സങ്കടത്തോടെ ഒഴിവാക്കേണ്ടി വന്ന ഒരു രംഗത്തെക്കുറിച്ചും അതിൽ അഭിനയിച്ച അക്ഷയ് രാധാകൃഷ്ണനോട് പരസ്യമായി ക്ഷമ ചോദിച്ചും സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്നെ വന്നിരിക്കുകയാണ്.
അക്ഷയ് രാധാകൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ തകർപ്പൻ പ്രകടനം ഉൾക്കൊള്ളുന്ന രംഗം ഒഴിവാക്കേണ്ടി വന്നതിലാണ് മിഥുൻ തന്റെ ഖേദം പ്രകടിപ്പിച്ചത്. എന്നാൽ, സംവിധായകന്റെ ഈ വാക്കുകൾക്ക് അതിലും ഹൃദ്യമായ മറുപടിയുമായി താരം തന്നെ രംഗത്തെത്തിയത് സിനിമാ പ്രേമികളുടെ കയ്യടി നേടുകയാണ്. താൻ അഭിനയിച്ച സീൻ കട്ട് ചെയ്തു പോയതിൽ വിഷമമില്ലെന്നും ഈ യാത്രയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അക്ഷയ് രാധാകൃഷ്ണൻ കുറിച്ചു.
‘‘ഇതൊക്കെ ആ ഒരു പ്രക്രിയയുടെ ഭാഗമാണ്. ഈ യാത്രയിൽ എനിക്കും പങ്കുചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷം.’’–മിഥുന്റെ വിഡിയോ പങ്കുവച്ച് അക്ഷയ് രാധാകൃഷ്ണൻ കുറിച്ചു.
‘‘സിനിമയിൽ ഒന്ന് രണ്ടു സീനുകൾ ഉണ്ടായിരുന്നു. നമ്മുടെ അക്ഷയ് രാധാകൃഷ്ണൻ ഒക്കെ അഭിനയിച്ച ഒരു അടിപൊളി സീൻ ഉണ്ടായിരുന്നു. പഴയ കാലഘട്ടത്തിലുള്ള ആ ഗ്രാമത്തിലെ മാടൻ കണ്ടപ്പൻ ആയി അഭിനയിച്ച സീൻ. ആറേഴു കുതിരകളെ ഒക്കെ ഉപയോഗിച്ച വളരെ മനോഹരമായ ഒരു സീൻ ആയിരുന്നു അത്. വളരെ നല്ല തമാശകൾ നിറഞ്ഞ സീൻ, അത് ഉൾപ്പെടുത്താൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്.
എങ്ങനെ നോക്കിയിട്ടും ആ സീൻ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ഇനി എനിക്ക് അക്ഷയിനെ വിളിച്ചിട്ട് ഒരു സോറി പറയണം. അത് സിനിമയിൽ ഇല്ലെങ്കിലും നിങ്ങൾക്ക് ഇനി അത് യുട്യൂബിൽ കാണാൻ കഴിയും . വളരെ ഗംഭീരമായ ഒരു സീൻ ആണ് അത് ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ല. അത് പോയതിൽ എനിക്ക് വിഷമമുണ്ട്.’’– മിഥുൻ മാനുവൽ തോമസിന്റെ വാക്കുകൾ. ‘ആട് 3’യിൽ പുതിയതായി വന്ന കഥാപാത്രമാണ് അക്ഷയ് രാധാകൃഷ്ണന്റേത്. സാത്താൻ സേവ്യറുടെ ഇൻട്രൊ സീനിലും പഴയ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലുമാണ് അക്ഷയ്‌യുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.
















