ആരാധകർ ഏറെയുള്ള ക്രിക്കറ്റ് താരം ആണ് ഹാർദിക് പാണ്ഡ്യ. കാർ ശേഖരത്തിന്റെ കാര്യത്തിലും ഫാഷനിലും മുന്നിട്ടു നിൽക്കുന്ന ആളുകൂടിയാണ് താരം. ടി20 ലോകകപ്പ് വിജയത്തിന് ശേഷം അടുത്തിടെ ഫെറാറി 12 സിലിന്‍ഡ്രി എന്ന ആഡംബര കാറും ഹാർദിക് സ്വന്തമാക്കി. പുതിയ ഫെറാറിയെ ആചാരാനുഷ്ഠാനങ്ങളോടെ പങ്കാളി മഹിക ശർമ സ്വീകരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ മുംബൈ ഇന്ത്യൻസുമായി ചേർന്ന് പുറത്തിറക്കിയ പുതിയ വിഡിയോയിൽ തന്റെ കാർ ശേഖരം കാണിക്കുന്നതിനൊപ്പം പുത്തൻ ഫെറാറിയെയും പാണ്ഡ്യ അവതരിപ്പിക്കുന്നുണ്ട്.
ഫെറാറിയുടെ ഹെഡ്‌ലൈറ്റും ടയറുകളും, വി12 എൻജിന്റെ പ്രകടനവും കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. കാറിൽ നിന്നിറങ്ങുന്ന ഹാർദിക്, പാസഞ്ചർ സീറ്റിലിരുന്ന തന്റെ ബാറ്റ് എടുത്ത് സ്വാഗോടെ നടന്നു നീങ്ങുന്നത് വിഡിയോയിൽ കാണാം. ഫെറാറി 12 സിലിൻഡ്രി ഒരു സാധാരണ കാറല്ല. ഇന്ത്യയിൽ, അതിന്റെ എക്സ്-ഷോറൂം വില ഏകദേശം 8.5 കോടി രൂപയോളമാണ്. ഇത് രാജ്യത്തെ ഏറ്റവും ചിലവേറിയതും എക്സ്ക്ലൂസീവ് കാറുകളിൽ ഒന്നാക്കിയും മാറ്റുന്നു. ഐക്കണിക് ഫെരാരി 365 GTB/4 ഡേറ്റോണയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപന. 830 എച്ച്പി പവറും 678 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 6.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V12 എൻജിനാണ് വാഹനത്തിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 2.9 സെക്കൻഡ് മതി. പരമാവധി വേഗം മണിക്കൂറിൽ 340 കിലോമീറ്ററിൽ അധികമാണ്.
കാറിന്റെ ഉൾവശം പുറംകാഴ്ച പോലെ തന്നെ ആധുനികവും ആഡംബരം നിറഞ്ഞതുമാണ്. വിഡിയോയിൽ കാണുന്നത് പോലെ, ഫെറാറി 12സിലിൻഡ്രിയിൽ ‘ഡ്യുവൽ കോക്പിറ്റ്’ ലേഔട്ടാണുള്ളത്. ഡ്രൈവർക്കായി 15.6 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, സെന്റർ കൺസോളിൽ 10.25 ഇഞ്ച് ഇൻഫോടൈൻമെന്റ് സ്ക്രീനും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഹാർദിക്കിന്റെ പക്കൽ വിലപിടിപ്പുള്ള എസ്‌യുവികളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. വിഡിയോയിൽ കാണുന്നത് പ്രകാരം അദ്ദേഹത്തിന്റെ ഗാരേജിൽ ലംബോർഗിനി ഉറൂസ്, മെഴ്‌സിഡീസ്-എഎംജി ജി63, റേഞ്ച് റോവർ സ്പോർട്സ് എസ്വി എന്നിവയാണുള്ളത്. ഈ കോടികൾ വിലമതിക്കുന്ന വാഹനശേഖരത്തിലേക്ക് ഫെറാറി കൂടി എത്തിയതോടെആരും കൊതിക്കുന്ന ഒരു ഗാരേജിന് ഉടമയായിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ.
















